Sunday, 16 June 2019

ഞാൻ എന്നെ നിന്നിൽ മറന്നുവെച്ചിട്ടുണ്ട്
നിന്റെ മച്ചിൻപുറങ്ങളിൽ എവിടെയോ...  ഒരുപക്ഷെ എന്റെ
കണ്ണീർതുള്ളികൾ ഒരു തുലാവര്ഷ
പെയ്തു കണക്കെ നിന്നിൽ പെയ്തിറങ്ങും!!!
ഓർമ്മകൾ വല്ലാണ്ട് അരിച്ചു തുടങ്ങിയാൽ എന്റെ തേങ്ങലുകൾ നിന്റെ സിരകളെ
വലിച്ചുമുറുക്കും..
എന്റെ അട്ടഹാസങ്ങൾ നിന്റെ ചെവികളിൽ
പെരുമ്പറ കൊട്ടും...
 ഞാൻ പാതി ആക്കിയ കവിത ശീലുകൾ
വാക്കുകൾ തേടി നിന്റെ ഹൃദയത്തിന്റെ
അടിത്തട്ടിൽ പരതി കളിക്കും
ത്രിസന്ധ്യയ്ക്ക് നമ്മൾ ഒരുമിച്ചു  നനഞ്ഞ
മഴ തുള്ളികളെ കൈക്കുമ്പിളിൽ ആക്കി
നീ എനിക്ക് കാട്ടി തരും
രാത്രിയിൽ തണുത്തു മരവിക്കുമ്പോൾ
നമ്മൾ കണ്ടു മടുത്ത സ്വപ്നങ്ങളുടെ
ദ്രവിച്ച ഇഴകൾ കൊണ്ട്  നീ
എനിക്കൊരു പുതപ്പു നെയ്തു തരും
മറവിയുടെ മാറാലക്കുരുക്കുകൾ
തീണ്ടാതെ നിന്റെ ഓർമകളിൽ
വിരലോടിച്ചു..ഞാൻ നിന്നിലെവിടെയോ
ഉണ്ടാകും..
ഒടുക്കം വിഴുങ്ങുന്ന  അഗ്നിനാളങ്ങൾ
നമ്മുടെ പ്രണയത്തിന്റെ ചൂടിൽ
വെന്തു നീറും വരെ  ......


















Monday, 3 June 2019

നമുക്കിടയിൽ മൗനം പെയ്യുകയാണ്...
ഒരു തുള്ളിയിൽ തുടങ്ങി
പേമാരി ആയി
ചെവിത്തടങ്ങൾ പൊട്ടുന്ന
കണക്കെ ആർത്തിരമ്പി
മൗനം പെയ്യുന്നു !!!
കണ്മഷി പുരണ്ട  എന്റെ കണ്ണീർതുള്ളി
എപ്പഴോ കവിൾത്തടം താണ്ടി
കൈത്തണ്ടയിൽ പതിച്ചു !
പിന്നെപ്പോഴോ തെളിനീർ പോൽ
നിന്റെ  കണ്ണീർതുള്ളി ഒരു
ചുടു നിശ്വാസത്തോടൊപ്പം
എന്റെ ചുണ്ടിൽ...
മൗനം വന്യത വെടിയുന്നു !!!