ജനലഴിയിലൂടെ തിങ്ങികൂടുന്ന ഇരുട്ടും നോക്കി കട്ടിലിൽ അയാളിരിക്കുവാൻ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കണം...കതകു മെല്ലെ തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ പുരികം ചുളിച്ചു എന്നെ ഏറെനേരം നോക്കി മനസിലാക്കാൻ ബുദ്ധിമുട്ടുള്ളപോലെ ഭാവം കാട്ടി... അടുത്തേക്ക് ചെന്നപ്പോൾ ആളെ മനസിലായി എന്ന മുഖഭാവത്തിൽ ഒരു വിടർന്ന പുഞ്ചിരി... കട്ടിലിൽ ചാരി വെച്ചിരിക്കുന്ന ഊന്നുവടി എടുത്ത് മെല്ലെ എഴുന്നേക്കുവാൻ ശ്രമിച്ചു..."എത്ര നാളായി കൊച്ചെ ഈ വഴി ഒക്കെ വന്നിട്ട്..." എന്ന് ഒരു ചിരിയുടെ അകമ്പടിയോടെ സംസാരിച്ചുകൊണ്ടു അടുത്തേക് നടന്നുവന്നു...പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ നടത്തത്തിലും സംസാരത്തിലും അങ്ങിങ്ങായി നിഴലിക്കുന്നുണ്ട്..എങ്കിലും അതിലൊന്നും അടിയറവു പറയാൻ അയാൾ തയ്യാറായിരുന്നില്ല. സഹായിക്കാൻ എന്നവണ്ണം ഞാൻ അടുത്തെത്തിയപ്പോൾ വേണ്ട എന്ന് ആംഗ്യം കാട്ടി സിറ്റ് ഔട്ടിൽ ഉള്ള കസേരയിൽ വന്നിരുന്നു... മുറിയിൽ നിന്നും ഒരു കസേര വലിച്ചിട്ടു അടുത്തേക്ക് ഞാനും ഇരുന്നു.വർത്തമാനത്തിനിടയിൽ പുറത്തേക്കു കണ്ണോടിച്ചു ഞാൻ ചോദിച്ചു,"അടുക്കളപ്പൊറത്തെ പച്ചക്കറി കൃഷി ഒക്കെ ഇപ്പഴും ഉണ്ടോ "? ഒന്നും പറയാതെ കുറച്ചു നേരം എന്തോ ചിന്തയിൽ മുഴുകി അയാൾ ഇരുന്നു. പിന്നൊരു നേർത്ത പുഞ്ചിരി അയാളുടെ ചുണ്ടിൽ തെളിഞ്ഞു."ആ അവളൊണ്ടാരുന്നപ്പം എന്നേലും ചെമ്പോ ചേനയോ കാച്ചിലോ ഒക്കെ നട്ടു വെക്കുവാരുന്നു.അതിന്റെടേൽ അവൾ എന്നോട് വിളിച്ചു പറയും.. അതെ നിങ്ങൾ ഒന്നും ചെയ്യണ്ട വെറുതെ എന്റട്ത് ഒന്ന് വന്നിരുന്നാൽ മതി. എന്നേലും എന്നോടൊന്നു മിണ്ടിയും പറഞ്ഞും ഇരുന്നാൽ മതിയെന്നേ.ഒറ്റക്ക് ഇരുന്നു ചെയ്യാൻ ഒരു ബുദ്ധിമുട്ട്.. .അങ്ങനെ പറഞ്ഞിട്ടും അവളെന്നെ ഒറ്റക്കാക്കിട്ടു ഒരു പോക്കങ്ങു പോയി "...ഒരു നെടുവീർപ്പോടെ അയാളത് പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒന്നിലും കീഴടങ്ങാത്ത ആ മനുഷ്യന്റെ കണ്ണിൽ ഓർമകളുടെ ജലാശയം രൂപപ്പെടുന്നത് ഞാൻ കണ്ടു...