ശാരീരികമായി ഉപദ്രവിക്കുക എന്നത് ഒരു ഹൈറാർക്കിക്കൽ കീഴ്വഴക്കം ആണ് .അത് തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. കുട്ടികൾ തെറ്റ് ചെയ്താൽ "അടിച്ചു നെരെ ആക്കണം"എന്നല്ലേ നാട്ടു നടപ്പ് .വീട്ടിൽ അച്ഛനും അമ്മയ്ക്കും എന്ന് വേണ്ട മുള്ളി തെറിച്ച ബന്ധം ഉള്ള അമ്മാവന് വരെ അതിനു അവകാശമുണ്ട് .കുട്ടിയെ അടിച്ചു "ശെരി "ആക്കാൻ.വീട്ടിൽ നിന്നും ഈ ഹൈറാർക്കി അടുത്തതായി എത്തുന്നത് സ്കൂളിൽ ആണ്.അധ്യാപകർക്കാണ് ഇനി കുട്ടിയെ "അടിച്ചു ശെരി" ആക്കാനുള്ള ഉത്തരവാദിത്തം .അതിനു രക്ഷിതാക്കളുടെ പിൻബലവും ."നല്ല അടികൊടുത്തോ സാറേ ആരും ചോദിയ്ക്കാൻ വരില്ല" എന്ന ഉറപ്പുകൂടി ആകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ . ഈ അടി യുടെ സ്വഭാവം മാറി മറ്റ് വൈകൃതങ്ങളിലേക്കു നീങ്ങിയാലും "എല്ലാം നന്മക്കു വേണ്ടിയാകും"എന്ന ധാരണയിൽ മറിച്ചൊരക്ഷരം മിണ്ടാതെ നെരിപ്പോടുമായി എരിയുന്ന എത്ര ബാല്യങ്ങൾ ഉണ്ടാകാം . ഒരു ആൺകുട്ടിയെ സംബന്ധിച്ച് ഈ ഹൈറാർക്കിക്കൽ ദേഹോപദ്രവം ഒരുപരിധി വരെ ഇവിടം കൊണ്ട് അവസാനിക്കും. പെൺകുട്ടിക്ക് അത് തുടരും .അവളുടെ അടുത്ത ഹൈറാർക്കിക്കൽ ഉടമ ഭർത്താവാണല്ലോ ."കൈക്ക് എല്ലുള്ളവന്റെ കയ്യിൽ കിട്ടിയാൽ "അല്ലെ നാട്ടുനടപ്പ് വെച്ച് നമ്മുടെ സ്ത്രീകൾ നന്നാകു ..അതു തന്നെയും അല്ല കലിപ്പേട്ടന്റെ കയ്യിന്നു കിട്ടുന്ന അടിക്കു അപാര റൊമാന്റിക് പരിവേഷം കൂടി ആണ് .പറഞ്ഞു വന്നത് വേറൊന്നും അല്ല ചെറുപ്പം മുതൽ ദേഹോപദ്രവം എന്നതിനെ എത്ര ലാഘവത്തോടെ ആണ് നമ്മൾ നോർമലൈസ് ചെയ്തിരിക്കുന്നത് ..അതുകൊണ്ടു തന്നെ വീടു തുടങ്ങി ഉള്ള ഓരോ ഇടങ്ങളിലും മോശമായ രീതിയിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായാൽ പോലും എതിർക്കാൻ സാധിക്കാതെ നിസ്സഹായാരായി അനുഭവിച്ചു തീർക്കുന്ന ഒരുപാട് ജന്മങ്ങൾ ചുറ്റുമുണ്ട്. "നല്ല അടിയുടെ കുറവുണ്ട്" എന്ന സിസ്റ്റത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാനും ,പക്ഷെ അടി കിട്ടി മടുത്ത ഒരു ബാല്യത്തിന്റെ ഉടമ എന്ന നിലയിൽ ഈ അടി കൊണ്ട് ഞാൻ നന്നായതായോ പ്രത്യേകിച്ച് എന്തെങ്കിലും മേന്മകൾ എന്റെ ജീവിതത്തിൽ ഉണ്ടായതായോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.ഈ അടുത്തയിടൽ പാരന്റൽ അബ്യുസ് നെ പറ്റിയും വര്ഷങ്ങള്ക്കു മുൻപ് തന്നെ ഉപദ്രവിച്ച അധ്യാപകനോട് പ്രതികാരം ചെയ്ത വിദ്യാർഥിയുടെയും ഒക്കെ വാർത്തകൾ കാണുകയുണ്ടായി .ഇതൊക്കെ കാണുമ്പൊൾ "കാലം പോയ പോക്കേ" എന്ന് പരിതപിക്കാതെ ഒരു വ്യക്തിയുടെ ശരീരത്തെ നോവിക്കുവാനുള്ള അവകാശം ഒരു അധികാരത്തിന്റെ പുറത്തും ആർക്കും ഇല്ല എന്ന തിരിച്ചറിവിലേക്ക് എത്തുവാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നു .