അയാൾ മെല്ലെ വാതിൽ തുറന്ന്
അവളുടെ മുറിയിൽ പ്രവേശിച്ചു
നഷ്ടപ്പെട്ട എന്തോ ഒന്ന്
തിരയും പോലെ ഇമവെട്ടാതെ
അവളുടെ കണ്ണുകളിൽ നോക്കി നിന്നു
ഇരുട്ട് പാർക്കുന്ന
മുറിക്കുള്ളിൽ
ഓരോ കോണിലും
മാറാല കെട്ടുകൾ..
എന്തോ പറയുവാൻ വെമ്പി എങ്കിലും
വാക്കുകൾ സ്വയം ഉൾവലിഞ്ഞു
ഒരു ചെറു ചിരിയിൽ പറയാൻ
അവശേഷിപ്പിച്ചതെല്ലാം ഒതുക്കി
പുറത്തിറങ്ങവേ
വാതിൽക്കൽ വീണു കിടക്കുന്ന ചുകന്ന
പുഷ്പങ്ങൾ എടുത്തു അയാൾ
സ്വയം നഷ്ടപ്പെട്ടു
ഒരിത്തിരി നേരം നിന്നു
അയാൾ പോലും
അറിയാതെ അയാളുടെ മനസ്സ്
ഉറക്കെ ചോദിച്ചു
"ഈ പൂക്കൾ എങ്ങനെ ഇവിടെ എത്തി? "
കണ്ണുകളിൽ തളം കെട്ടിയ
നിസ്സംഗത ചുണ്ടുകളിൽ കൂടി
വിടർത്തി
അവൾ പറഞ്ഞു..
ഏകാന്തതയിൽ കാലം
തന്ന മുറിവുകളുടെ ചോരപ്പാടുകൾ
ഞാൻ എണ്ണി നോക്കും..
ആ മുറിപ്പാടുകളിൽ
ഞാൻ മെല്ലെ തലോടും...
പൊഴിയുന്ന
കണ്ണീർ തുള്ളിയിൽ
തളിരുകൾ നാമ്പിടും
സിരകളിൽ വേരു പടർന്നു
ഞാൻ ഒരു ഗുൽമോഹർ വൃക്ഷമാകും..
രക്ത ചുകപ്പിൽ
ഓർമകളുടെ ഗന്ധമുള്ള
പുഷ്പങ്ങൾ പൂക്കും..
മഴ ബാക്കി വെച്ച
കണ്ണീർ കണങ്ങൾ
ഇലച്ചാർത്തിൽ നിന്നും
പൊഴിയും പോലെ
അവളുടെ കണ്ണുകളിൽ നിന്നും
ഭൂതകാലത്തിന്റെ
മഴത്തുള്ളികൾ അടർന്നു വീണു...
ഇരുട്ടിനെ കീറി മുറിച്ചു
പാതി തുറന്ന
ജനൽ പാളിയിൽ നിന്നും
വന്ന ഒരു തുള്ളി വെളിച്ചത്തെ
ഹൃദയത്തിൽ ഏറ്റുവാങ്ങി
ജീർണിച്ച തോൾസഞ്ചിയിൽ
നിന്നും വാടി കരിഞ്ഞ
ഗുൽമോഹർ പൂവുകൾ മെല്ലെ
പുറത്തെടുത്തു
അവളുടെ കൈകളിൽ
ഏല്പിച്ചുകൊണ്ടു
അയാൾ പറഞ്ഞു
"ഏകാന്തതയുടെ വസന്തങ്ങളാണ്
ആണ് ഞാനും നീയും "...
No comments:
Post a Comment