Friday, 26 November 2021

❤❤






Ksrtc യാത്രകൾ പലപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹരമായ യാത്രകൾ ആണ്. ഒരുപക്ഷെ ഒറ്റയ്ക്ക് യാത്രകൾ ചെയ്തത് കൂടുതലും ആനവണ്ടിയിൽ ആണ്.സൈഡ് സീറ്റും ഹെഡ്സെറ്റിൽ പാട്ടും ഉണ്ടേൽ പിന്നെ പകൽ കിനാവുകളുടെ പേമാരിയിൽ കുതിർന്നു സ്വയം മറന്നു അങ്ങനെ എത്ര ദൂരം വേണേലും യാത്ര ചെയ്യാം..സന്ധ്യ ക്കു ശേഷമുള്ള ഒറ്റക്കുള്ള യാത്രകൾ ഉള്ളിൽ ചിലപ്പോഴെങ്കിലും ചെറിയ ഭയപ്പെടുത്തലുകൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ ഒരിക്കലും അർദ്ധ രാത്രിയിൽ ഉള്ള ksrtc യാത്രകൾ പോലും തെല്ലും ഭയം എന്നിൽ ഉണ്ടാക്കിയിട്ടില്ലല്ലോ എന്ന് അത്ഭുതത്തോടെ ഞാൻ ഇപ്പോൾ ഓർക്കും. ഒരിക്കൽ കോട്ടയത്ത്‌ നിന്നും കോഴിക്കോട് പോകുന്നതിനിടയിൽ, യൂണിവേഴ്സിറ്റി സ്റ്റോപ്പ്‌ എത്തിയിട്ടും ഞാൻ ഇറങ്ങിയില്ല. നേരം രാത്രി ആയിട്ടുണ്ട്. ഉറങ്ങി പോയതാണ് കാരണം. പെട്ടന്ന് തന്നെ എന്നെ പുറകിൽ നിന്നും ആരോ തട്ടി വിളിച്ചു, കണ്ടക്ടർ ആയിരുന്നു. " എത്ര നേരമായി വിളിക്കുന്നു യൂണിവേഴ്സിറ്റി കഴിഞ്ഞു, ഇനി ഒരു കാര്യം ചെയ്യാം രാമനാട്ടുകര ഇറക്കാം. രാത്രി ആയില്ലേ. അവിടുന്ന് പോയിക്കോ". എനിക്ക് ആകെ അങ്കലാപ്പായി. ഞാൻ ഞെട്ടി എഴുന്നേറ്റു. പുറത്തേക്കു നോക്കി, ചെട്ടിപ്പടി ആയതേ ഉള്ളു. പെട്ടന്ന് തന്നെ ഞാൻ മൂപ്പരോട് പറഞ്ഞു "അല്ല ചേട്ടാ,ഇവിടെ നിർത്തിയാൽ മതി,ഞാൻ പോയിക്കോളാം, എന്നെ കൊണ്ടുപോകാൻ ആള് വരും".എന്നിട്ടും ആൾക്ക് വിശ്വാസം ആകാത്ത വിധം വീണ്ടും പറഞ്ഞു കാക്കഞ്ചേരിയോ രാമനാട്ടുകരയോ നിർത്താം എന്ന്. ഞാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞത് വിശ്വസിച്ചെന്നോണം ചെട്ടിപ്പടി തന്നെ നിർത്തി.ഇത് ഒരു സംഭവം മാത്രമാണ്, ഇതുപോലെ കുറച്ചധികം നല്ല സമീപനങ്ങൾ നിറഞ്ഞ സംഭവങ്ങൾ ആനവണ്ടിയുടെ സ്റ്റാഫുകളിൽ നിന്നും എനിക്കുണ്ടായിട്ടുണ്ട്.എന്ന് കരുതി മോശപ്പെട്ട ഒന്നും സംഭവിക്കില്ലെന്ന ഉറപ്പൊന്നും ആർക്കും പറയാനും പറ്റില്ല.അത്തരം അനുഭവങ്ങളിൽ കൂടി കടന്നു പോയവരും ഉണ്ടാകാം. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ യാത്രകൾ കൂടിയാണ് പലപ്പോഴും ആനവണ്ടി യാത്രകൾ എന്ന് കൂടി പറയാതെ വയ്യ..എപ്പോൾ എവിടെ വെച്ച് വേണമെങ്കിലും പണിമുടക്കാം.. എന്നിരുന്നാലും ഇപ്പോൾ യാത്രകൾ കുറച്ച് വീട്ടിൽ ഇരിക്കുമ്പോൾ,മനസ്സ് വല്ലാതെ വീണ്ടും കൊതിക്കുന്നത് ഹെഡ്സെറ്റിലെ പാട്ടും, അനവണ്ടിയുടെ സൈഡ് സീറ്റും പകൽകിനാവുകളിൽ കുതിർന്നു കൊണ്ടുള്ള യാത്രകളുമാണ്..

1 comment: