Friday, 31 May 2019

ചിലപ്പോൾ ചിന്തിക്കുന്നത്





വര്ഷങ്ങളായി അടുത്ത് പരിചയമുള്ള ഒരു സുഹൃത്ത് വിവാഹ ബന്ധം വേര്പെടുത്തുന്നു എന്ന് എന്നോട് പറഞ്ഞു. കേട്ടപ്പോൾ ഒരു നടുക്കം തോന്നി. വളരെ ബോൾഡ് ആയ ഒരു  പെൺകുട്ടി.. എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് അവൾക്കു.ചിരിച്ചല്ലാതെ ആ  കുട്ടിയെ ഞാൻ കണ്ടിട്ടില്ല. "എന്നെ ഒരു വേശ്യ ആയി   മാത്രം കാണുന്ന ഒരാളുടെ കൂടെ ഞാൻ എന്തിനു ജീവിക്കണം" എന്നാരുന്നു അവളുടെ ചോദ്യം. "ഇത്രെയും നാൾ നീ എന്തിനാണ് സഹിച്ചു നിന്നത്" എന്ന് ഞാൻ ചോദിച്ചപ്പോൾ "എന്റച്ഛനും അമ്മേം ഒരുപാട് കഷ്ടപ്പെട്ട്  ഇല്ലാത്ത കാശ് മുടക്കി ആണ് ന്നെ കല്യാണം കഴിപ്പിച്ചത് ..അതോർത്തു ഞാൻ സഹിച്ചു നിന്നതാടി..ഇനി വയ്യ".അതായിരുന്നു  അവളുടെ മറുപടി..ആ മറുപടി എന്നെ കുറെ ചിന്തിപ്പിച്ചു.എത്രയോ പെൺകുട്ടികൾ ഈ ചിന്തയിൽ സ്വന്തം ജീവിതം ബലി കഴിക്കുന്നുണ്ടാകാം.ഇല്ലാത്ത കാശ് മുടക്കി..പണയം വെച്ചും...വിറ്റും..ആർഭാടങ്ങൾ ഒട്ടും കുറക്കാതെ നമ്മൾ കല്യാണ മാമാങ്കങ്ങൾ നടത്താറുണ്ട്.. ഇതിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ എടുത്താലും തീരാത്ത കടങ്ങൾ പേറി കഴിയുന്നവരും ഉണ്ട്.കടങ്ങൾ തീരുന്നതിനേക്കാൾ വേഗത്തിൽ പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാറുണ്ട് എന്നതാണ് വാസ്തവം .വിവാഹങ്ങൾ നടത്തുന്നത് വ്യക്തി പരമായ താല്പര്യങ്ങളാണ്. പക്ഷെ കൊക്കിലൊതുങ്ങുന്നതു മാത്രം കൊത്തി ശീലിക്കുവാൻ നമ്മൾ പഠിച്ചിട്ടില്ല ...വന്നു കൂടിയ ജനസാഗരത്തിന്റെയോ,ഇട്ടു മൂടിയ പൊന്നിന്റെയോ, മിന്നിത്തിളങ്ങിയ മണ്ഡപങ്ങളുടെയോ , പകിട്ടിലല്ല ബന്ധങ്ങളുടെ ആയുസ്സ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ....

No comments:

Post a Comment