Wednesday, 23 March 2022

നന്മക്കായുള്ള നോവിപ്പിക്കലുകൾ 🙄

 ശാരീരികമായി ഉപദ്രവിക്കുക എന്നത് ഒരു ഹൈറാർക്കിക്കൽ  കീഴ്‌വഴക്കം ആണ് .അത് തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. കുട്ടികൾ  തെറ്റ് ചെയ്താൽ "അടിച്ചു നെരെ ആക്കണം"എന്നല്ലേ  നാട്ടു നടപ്പ് .വീട്ടിൽ അച്ഛനും അമ്മയ്ക്കും എന്ന് വേണ്ട മുള്ളി തെറിച്ച ബന്ധം ഉള്ള അമ്മാവന്  വരെ അതിനു അവകാശമുണ്ട് .കുട്ടിയെ അടിച്ചു "ശെരി "ആക്കാൻ.വീട്ടിൽ നിന്നും ഈ ഹൈറാർക്കി അടുത്തതായി എത്തുന്നത് സ്കൂളിൽ ആണ്.അധ്യാപകർക്കാണ്  ഇനി കുട്ടിയെ "അടിച്ചു ശെരി" ആക്കാനുള്ള ഉത്തരവാദിത്തം .അതിനു രക്ഷിതാക്കളുടെ പിൻബലവും ."നല്ല അടികൊടുത്തോ സാറേ ആരും ചോദിയ്ക്കാൻ വരില്ല" എന്ന ഉറപ്പുകൂടി ആകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ . ഈ അടി യുടെ സ്വഭാവം മാറി മറ്റ് വൈകൃതങ്ങളിലേക്കു നീങ്ങിയാലും "എല്ലാം നന്മക്കു വേണ്ടിയാകും"എന്ന ധാരണയിൽ മറിച്ചൊരക്ഷരം മിണ്ടാതെ നെരിപ്പോടുമായി എരിയുന്ന എത്ര ബാല്യങ്ങൾ ഉണ്ടാകാം . ഒരു ആൺകുട്ടിയെ സംബന്ധിച്ച് ഈ ഹൈറാർക്കിക്കൽ ദേഹോപദ്രവം ഒരുപരിധി വരെ ഇവിടം കൊണ്ട് അവസാനിക്കും. പെൺകുട്ടിക്ക് അത് തുടരും .അവളുടെ അടുത്ത ഹൈറാർക്കിക്കൽ ഉടമ ഭർത്താവാണല്ലോ ."കൈക്ക് എല്ലുള്ളവന്റെ കയ്യിൽ കിട്ടിയാൽ "അല്ലെ നാട്ടുനടപ്പ് വെച്ച് നമ്മുടെ സ്ത്രീകൾ നന്നാകു ..അതു തന്നെയും അല്ല കലിപ്പേട്ടന്റെ  കയ്യിന്നു കിട്ടുന്ന അടിക്കു അപാര റൊമാന്റിക് പരിവേഷം കൂടി ആണ് .പറഞ്ഞു വന്നത് വേറൊന്നും അല്ല ചെറുപ്പം മുതൽ ദേഹോപദ്രവം എന്നതിനെ എത്ര ലാഘവത്തോടെ ആണ് നമ്മൾ നോർമലൈസ് ചെയ്തിരിക്കുന്നത് ..അതുകൊണ്ടു തന്നെ വീടു തുടങ്ങി ഉള്ള ഓരോ ഇടങ്ങളിലും മോശമായ രീതിയിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായാൽ പോലും എതിർക്കാൻ സാധിക്കാതെ നിസ്സഹായാരായി അനുഭവിച്ചു തീർക്കുന്ന ഒരുപാട് ജന്മങ്ങൾ ചുറ്റുമുണ്ട്. "നല്ല അടിയുടെ കുറവുണ്ട്" എന്ന സിസ്റ്റത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാനും ,പക്ഷെ അടി കിട്ടി മടുത്ത ഒരു ബാല്യത്തിന്റെ ഉടമ എന്ന നിലയിൽ ഈ അടി കൊണ്ട് ഞാൻ നന്നായതായോ പ്രത്യേകിച്ച് എന്തെങ്കിലും മേന്മകൾ എന്റെ ജീവിതത്തിൽ ഉണ്ടായതായോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.ഈ അടുത്തയിടൽ  പാരന്റൽ അബ്യുസ് നെ പറ്റിയും   വര്ഷങ്ങള്ക്കു മുൻപ് തന്നെ ഉപദ്രവിച്ച അധ്യാപകനോട് പ്രതികാരം ചെയ്ത വിദ്യാർഥിയുടെയും ഒക്കെ വാർത്തകൾ കാണുകയുണ്ടായി .ഇതൊക്കെ കാണുമ്പൊൾ "കാലം പോയ പോക്കേ" എന്ന് പരിതപിക്കാതെ ഒരു വ്യക്തിയുടെ ശരീരത്തെ നോവിക്കുവാനുള്ള  അവകാശം ഒരു അധികാരത്തിന്റെ പുറത്തും ആർക്കും ഇല്ല എന്ന തിരിച്ചറിവിലേക്ക് എത്തുവാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നു .

Friday, 26 November 2021

❤❤






Ksrtc യാത്രകൾ പലപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹരമായ യാത്രകൾ ആണ്. ഒരുപക്ഷെ ഒറ്റയ്ക്ക് യാത്രകൾ ചെയ്തത് കൂടുതലും ആനവണ്ടിയിൽ ആണ്.സൈഡ് സീറ്റും ഹെഡ്സെറ്റിൽ പാട്ടും ഉണ്ടേൽ പിന്നെ പകൽ കിനാവുകളുടെ പേമാരിയിൽ കുതിർന്നു സ്വയം മറന്നു അങ്ങനെ എത്ര ദൂരം വേണേലും യാത്ര ചെയ്യാം..സന്ധ്യ ക്കു ശേഷമുള്ള ഒറ്റക്കുള്ള യാത്രകൾ ഉള്ളിൽ ചിലപ്പോഴെങ്കിലും ചെറിയ ഭയപ്പെടുത്തലുകൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ ഒരിക്കലും അർദ്ധ രാത്രിയിൽ ഉള്ള ksrtc യാത്രകൾ പോലും തെല്ലും ഭയം എന്നിൽ ഉണ്ടാക്കിയിട്ടില്ലല്ലോ എന്ന് അത്ഭുതത്തോടെ ഞാൻ ഇപ്പോൾ ഓർക്കും. ഒരിക്കൽ കോട്ടയത്ത്‌ നിന്നും കോഴിക്കോട് പോകുന്നതിനിടയിൽ, യൂണിവേഴ്സിറ്റി സ്റ്റോപ്പ്‌ എത്തിയിട്ടും ഞാൻ ഇറങ്ങിയില്ല. നേരം രാത്രി ആയിട്ടുണ്ട്. ഉറങ്ങി പോയതാണ് കാരണം. പെട്ടന്ന് തന്നെ എന്നെ പുറകിൽ നിന്നും ആരോ തട്ടി വിളിച്ചു, കണ്ടക്ടർ ആയിരുന്നു. " എത്ര നേരമായി വിളിക്കുന്നു യൂണിവേഴ്സിറ്റി കഴിഞ്ഞു, ഇനി ഒരു കാര്യം ചെയ്യാം രാമനാട്ടുകര ഇറക്കാം. രാത്രി ആയില്ലേ. അവിടുന്ന് പോയിക്കോ". എനിക്ക് ആകെ അങ്കലാപ്പായി. ഞാൻ ഞെട്ടി എഴുന്നേറ്റു. പുറത്തേക്കു നോക്കി, ചെട്ടിപ്പടി ആയതേ ഉള്ളു. പെട്ടന്ന് തന്നെ ഞാൻ മൂപ്പരോട് പറഞ്ഞു "അല്ല ചേട്ടാ,ഇവിടെ നിർത്തിയാൽ മതി,ഞാൻ പോയിക്കോളാം, എന്നെ കൊണ്ടുപോകാൻ ആള് വരും".എന്നിട്ടും ആൾക്ക് വിശ്വാസം ആകാത്ത വിധം വീണ്ടും പറഞ്ഞു കാക്കഞ്ചേരിയോ രാമനാട്ടുകരയോ നിർത്താം എന്ന്. ഞാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞത് വിശ്വസിച്ചെന്നോണം ചെട്ടിപ്പടി തന്നെ നിർത്തി.ഇത് ഒരു സംഭവം മാത്രമാണ്, ഇതുപോലെ കുറച്ചധികം നല്ല സമീപനങ്ങൾ നിറഞ്ഞ സംഭവങ്ങൾ ആനവണ്ടിയുടെ സ്റ്റാഫുകളിൽ നിന്നും എനിക്കുണ്ടായിട്ടുണ്ട്.എന്ന് കരുതി മോശപ്പെട്ട ഒന്നും സംഭവിക്കില്ലെന്ന ഉറപ്പൊന്നും ആർക്കും പറയാനും പറ്റില്ല.അത്തരം അനുഭവങ്ങളിൽ കൂടി കടന്നു പോയവരും ഉണ്ടാകാം. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ യാത്രകൾ കൂടിയാണ് പലപ്പോഴും ആനവണ്ടി യാത്രകൾ എന്ന് കൂടി പറയാതെ വയ്യ..എപ്പോൾ എവിടെ വെച്ച് വേണമെങ്കിലും പണിമുടക്കാം.. എന്നിരുന്നാലും ഇപ്പോൾ യാത്രകൾ കുറച്ച് വീട്ടിൽ ഇരിക്കുമ്പോൾ,മനസ്സ് വല്ലാതെ വീണ്ടും കൊതിക്കുന്നത് ഹെഡ്സെറ്റിലെ പാട്ടും, അനവണ്ടിയുടെ സൈഡ് സീറ്റും പകൽകിനാവുകളിൽ കുതിർന്നു കൊണ്ടുള്ള യാത്രകളുമാണ്..

Saturday, 11 September 2021

The Art Of Saying No

 

This is a must read. Read the work to recheck and reassure one's self worth and self esteem.We all might have gone through situations where we regret on saying a compelling 'Yes', when our mind actually wanted to say a No.Making others as our first priority and keeping aside our needs with an urge to be a people pleaser is the major reason for restraining ourselves from saying an assertive No in various compelling situations. This work lights you up on the need for self care and self love which we or rather our society often misinterpret or mistake as selfishness. One of the finest reads in recent days👍

Thursday, 9 September 2021

പുസ്തകം ❤🌹

 


ഞാൻ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു കാലത്തിന്റെ, സംസ്കാരത്തിന്റെ, നേർക്കാഴ്ച മാധവികുട്ടിയുടെ വരികളിലൂടെ അനുഭവിച്ചറിഞ്ഞ അനുഭൂതി... അവർ സഞ്ചരിച്ച പുന്നയൂർകുളത്തെ ഓരോ സ്മൃതി വീഥികളിലൂടെയും അവർക്കൊപ്പം ഞാനും സഞ്ചരിച്ചു ❤


Friday, 15 January 2021

 1) ആരോഗ്യമുള്ള ആൺമക്കളും ഭർത്താവും  ഉള്ള വീട്ടിലെ സ്ത്രീ  ,താൻ ഒറ്റക്ക് വീട് പണി ചെയ്തു മടുത്തു,ആൺമക്കൾ ഒന്ന് പെണ്ണ് കെട്ടിയിരുന്നെങ്കിൽ എന്ന്  വ്യാകുലപ്പെട്ടിട്ടുണ്ടെങ്കിൽ

2) സ്വയം ഭക്ഷണം കഴിച്ച പാത്രവും ചായ കുടിച്ച ഗ്ലാസോ  പോലും ഒന്ന് കഴുകി വെക്കാൻ കൈ പൊങ്ങാത്ത പുരുഷകേസരികൾ ഉണ്ടെങ്കിൽ

3) കസേരയിൽ കാല് കേറ്റി ഇരുന്നു ഒരു ഗ്ലാസ്‌ വെള്ളം  പോലും വീട്ടിലെ സ്ത്രീകളുടെ കയ്യിന്ന് കുടിക്കുള്ളു എന്ന വാശിയുള്ളവർ ഉണ്ടെങ്കിൽ

4) ആർത്തവ അശുദ്ധിയുടെ  പേരിൽ ഇന്നും സ്ത്രീയെ മാറ്റിനിർത്തുന്നവർ ഉണ്ടെങ്കിൽ, ഇങ്ങനൊന്നും ഉള്ള ആളുകൾ ഇല്ലാ എന്നറിയാം എന്നാലും ഇനി എങ്ങാനും ഒന്നോ രണ്ടോ പേരുണ്ടെങ്കിൽ, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സിനിമ ഒന്ന് കണ്ടു നോക്കു... ഇതിപ്പം എന്തോന്ന് സിനിമ ഈ പെണ്ണ് കെടന്നു അരിയുന്നു.. പാത്രം കഴുകുന്നു ഇതന്നെ ഇത്ര കാണിക്കാൻ ഇപ്പം എന്താ, എന്ന് എന്തേലും സംശയം ആർക്കേലും വന്നാൽ.. വരില്ല... പക്ഷെ വന്നു പോയാൽ.. ഇടയ്ക്കു ഒന്ന് അടുക്കളേൽ കേറി നോക്കുന്നത് നന്നാവും, എന്നും ഈ ലാഗ് ആണ് അടുക്കളേൽ ഓടുന്നത്..🤗


Wednesday, 30 December 2020

തിരിച്ചറിവുകൾ

 കുറച്ചു ദിവസം വീട്ടിൽ നിക്കാൻ വേണ്ടി കോഴിക്കോട് നിന്നും അതിരാവിലെ ഉള്ള(6 മണി ആണ് എന്റെ അതിരാവിലെ 5 മണി ബ്രഹ്മ മുഹൂർത്തവും ) ജനശാത്ബ്ദി ക്ക് കയറി ഞാൻ കോട്ടയം എത്തി .ബസ് സ്റ്റാൻഡിലേക്ക് നടക്കാനുള്ള മടി കാരണം  റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക് ഓട്ടോക്ക് പോകാം എന്ന് കരുതി..പേഴ്സ് എടുത്തു നോക്കിയപ്പോൾ ചില്ലറ ഇല്ല  500ന്റെ ഒരു ഒറ്റനൊട്ട്  മാത്രം. (ഞാൻ ചില്ലറക്കാരി അല്ല എന്ന് ഒരു ധ്വനി കൂടി വായിക്കുമ്പോൾ എടുക്കുക ).ഓട്ടോക്ക് പോകാനുള്ള  മോഹം ഉപേക്ഷിച്ചാലോ  എന്ന് ഓർത്തെങ്കിലും ക്ഷീണവും മടിയും സമ്മതിച്ചില്ല. ചേട്ടന്മാരുടെ  ഒക്കെ നാക്കിനു നല്ല മൂർച്ച ആണെന്ന് അറിയാവുന്നതുകൊണ്ടും, ഈ യാത്രക്കോടുവിൽ ക്ഷീണം കാരണം ഒരു അങ്കത്തിനു ബാല്യം ഇല്ലാത്തതു കൊണ്ടും എന്റെ ചില്ലറ പ്രശ്നം ഞാൻ അവരെ അറിയിച്ചു. വിചാരിച്ച പോലെ എല്ലാവരും എന്നെ അവഗണിച്ചു.. ഓട്ടോ ചേട്ടന്മാരാൽ  തിരസ്കരിക്കപ്പെട്ട ഞാൻ രണ്ടും കല്പിച്ചു സ്റ്റാൻഡിലേക്ക്  നടക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ റോഡിൽ ഇറങ്ങിയപ്പോൾ ഒരു ഓട്ടോ എന്റടുത്തു സ്ലോ ആക്കി..കയറിക്കോളൂ എന്ന അർത്ഥത്തിൽ ഡ്രൈവർ നോക്കിയപ്പോൾ  തന്നെ  പ്രതീക്ഷകളൊന്നും കൊടുക്കാതെ  ഞാൻ എന്റെ  ചില്ലറ പ്രശ്നം പറഞ്ഞു."സാരമില്ല കൊച്ചു കേറിക്കോ" എന്ന് അയാൾ  ഒടുവിൽ പറഞ്ഞു.കേട്ട പാതി കേക്കാത്ത പാതി ഞാൻ എന്റെ  ഭാണ്ടക്കെട്ടും വലിച്ചു ഓട്ടോയിൽ കയറ്റി ഇരുന്നു.ഒരു ദീർഘ ശ്വാസം ഒക്കെ വിട്ടു ഫോണും നോക്കി ഞാൻ അങ്ങനെ ഇരിക്കുമ്പോൾ, "കൊച്ചിന്റെ വീട് എവിടാ" എന്നൊരു ചോദ്യം... പറയണോ വേണ്ടയോ എന്നൊരു സങ്കോചം  തോന്നി എങ്കിലും ഒടുവിൽ പറയാൻ തന്നെ തീരുമാനിച്ചു. "പത്തനാട് ആണ്". "ആണോ.. ഞാൻ നെടുംകുന്നം ആ കേട്ടോ... ന്റെ മോൾക്കേ ഒരു ചെറിയ സർജറി ആവശ്യമുണ്ട് അതിനു വേണ്ടി ഞാൻ ഇപ്പം മെഡിക്കൽ കോളേജിൽ വന്നേക്കുവാ.. ഇപ്പം ഇവിടെ അടുത്താ താമസിക്കുന്നെ..  രണ്ട് മൂന്ന് ലക്ഷം വേണ്ടി വരും  ആശുപത്രി ചെലവ്.."എത്രയോ നാളുകകളുടെ പരിചയമുള്ള ഒരാളോട് വർത്തമാനം പറയുന്നത് പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാം ഒരു മൂളിച്ചയിൽ ഒതുക്കി കേട്ടിരുന്നു. അങ്ങനെ സ്റ്റാൻഡിൽ എത്തി. ഓട്ടോയിൽ നിന്നിറങ്ങി കയ്യിൽ ഉണ്ടായിരുന്ന 500 ന്റെ നോട്ട് അയാൾക്ക്‌ കൊടുത്തു. ബാക്കി ഇപ്പോൾ തരും എന്ന പ്രതീക്ഷയിൽ ഞാൻ നിക്കുമ്പോൾ  അയാൾ ആ നോട്ട് വാങ്ങി ഏതോ കടയിലേക്ക് നടന്നു.കൗണ്ടറിൽ ഇരിക്കുന്ന ആളോട്  ചോദിച്ചിട്ട്  അയാൾ ആ കടക്കുള്ളിലൂടെ  ഉള്ള ഏതോ വഴിയിലൂടെ പോകുന്നത് കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും അയാളെ കാണുന്നില്ല.എന്റെ  നെഞ്ചിടുപ്പ് ഒന്ന് കൂടി.  അയാൾ ആ വഴി എങ്ങോട്ടേലും മുങ്ങിയോ... "എങ്ങനേലും നടന്നു വന്നാൽ മതിയാരുന്നു.. എന്ത് മണ്ടത്തരം ആണ് ഞാൻ കാട്ടി കൂട്ടിയത്.."ഇതിനിടയിൽ അയാൾ പറഞ്ഞ കഥയും എന്റെ മനസ്സിൽ കൂടി വന്നു.. "കാശിനു ആവശ്യമുള്ള മനുഷ്യൻ ആണ്.. കിട്ടിയത് കൊണ്ട് പോയി കാണുമോ "..ആകെ പരിഭ്രമിച്ചു കൊണ്ട് ഞാൻ ആ ഓട്ടോക്ക് അടുത്ത് തന്നെ നിന്നു.. പരിഭ്രമത്തിനിടയിലും ഓട്ടോ നമ്പർ ഞാൻ  കുറിച്ചെടുത്തു."അങ്ങനെ അയാൾ എന്നെ പറ്റിക്കണ്ട..പോലീസിൽ അറിയിച്ചിട്ടു തന്നെ ബാക്കി കാര്യം. അത്രയും നേരം ഉണ്ടായിരുന്ന ക്ഷീണം പമ്പ കടന്നു.ദേഷ്യവും സങ്കടവും പുകഞ്ഞു കത്തി നിക്കുന്ന നേരം  പെട്ടന്ന് സ്റ്റാൻഡിനുള്ളിൽ നിന്നും ആരോ എന്നെ കൈ കാട്ടി വിളിക്കുന്നു. അത്രയും നേരം ഞാൻ പ്രാകി കൊണ്ടിരുന്ന   ഓട്ടോക്കാരൻ   കയ്യിൽ കുറച്ചു നോട്ടുകളുമായി എന്റെ അടുത്തേക്ക് വരുന്നു." അറിയാവുന്ന കടകളിൽ ഒന്നും ചോയ്ച്ചിട്ട് ചില്ലറ ഇല്ലാരുന്നു മോളെ.. പിന്നെ ചമ്പക്കരെടെ കണ്ടക്ടരോട് ചോയ്യിച്ചു വാങ്ങി".ഞാൻ ഒരു നിമിഷം കൊണ്ട് കാറ്റു പോയ ബലൂണ് പോലെ ആയി. ചമ്മലോ ആശ്വാസമോ അങ്ങനെ എന്തൊക്കെയോ കൂടി കലർന്ന മിശ്രിത ഭാവം.. "അയ്യോ ആണോ  ചേട്ടാ... എത്ര ആയി?" ഒരു ഭാവവും കാട്ടാതെ ഞാൻ ചോദിച്ചു "മുപ്പതു "..അയാൾ മറുപടിയും തന്നു. ഞാൻ കാശ് എണ്ണി നോക്കി അൻപതു രൂപ അയാളുടെ കയ്യിലേൽപ്പിച്ചു കൊണ്ട് പറഞ്ഞു "ഇരിക്കട്ടെ.. ഇത്രേം ഓടിയില്ലേ ".. ഒരു ഇരുപതു രൂപയ്ക്കു അയാളുടെ പ്രാരാബ്ധതയിൽ ഒരു വ്യത്യാസവും വരുത്താനില്ല എങ്കിൽ പോലും എന്റെ ചിന്തകളുടെ ദുർഗന്ധം മറക്കുവാൻ ഞാൻ കണ്ടെത്തിയ മാർഗം ആയിരുന്നു.. ഒരു നല്ല ചിരി സമ്മാനിച്ചു അയാൾ അതും വാങ്ങി പോയി...മനുഷ്യരിൽ കൂടുതൽ വിശ്വാസവും... സ്വയം ഒരുപാടു മാറാൻ ഉണ്ട് എന്ന തിരിച്ചറിവുമായി ഞാൻ ബസ് കയറി...

Tuesday, 22 December 2020

പ്രണാമം 🌹❤

 


ആദ്യമായി സ്കൂൾ കലോത്സവത്തിന് അമ്മയുടെ നിർബന്ധത്തിനാണു സ്റ്റേജിൽ കയറിയത് .സംഗീതവുമായി പുല ബന്ധം പോലും പുലർത്താത്ത ഞാൻ മലയാള പദ്യ പാരായണത്തിന് ചേർന്നു..സുഗത കുമാരിയുടെ കുറിഞ്ഞിപൂക്കൾ എന്ന കവിത സമാഹാരത്തിലെ ഒരു "പാട്ടു പിന്നെയും " എന്ന കവിത ഞാൻ ആദ്യമായി സ്റ്റേജിൽ കയറി ചൊല്ലി.. കവിതയുടെ വരികളുടെ അർത്ഥമോ  ആത്മാവോ ഒന്നും എന്റെ പാരായണത്തിൽ ഉണ്ടായിരുന്നില്ല..ആദ്യമായ് ആ പേര് ഞാൻ കൂടുതൽ അറിയുന്നത് അപ്പോഴാണ്.. പിന്നെ ഉള്ള കലോത്സവങ്ങളിലും എങ്ങനെയോ സുഗത കുമാരി യുടെ കവിതകൾ തന്നെ ഞാൻ തിരഞ്ഞെടുത്തു.. അമ്പലമണി യിലെ "കൃഷ്ണ നീ എന്നെ അറിയില്ല.".. "രാത്രിമഴ..".ഒന്നും തന്നെ കവിത യുടെ ആത്മാവ് അറിഞ്ഞായിരുന്നില്ല.. പിന്നീട് സാഹിത്യം അത്രമേൽ ജീവനോട് ചേർന്നു നിൽക്കുന്നു എന്ന് ബോധ്യം തോന്ന്യതിനു ശേഷമാണു സുഗത കുമാരി എന്ന കവയ്ത്രിയും അവരുടെ വരികളും എത്ര സമ്പന്നമാണ് എന്ന് തിരിച്ചറിഞ്ഞത്.. വരികളിലെവിടെ ഒക്കെയോ എന്റെ അംശംങ്ങളും ഉണ്ടെന്നു അറിഞ്ഞത്...ഞാൻ നീതി പുലർത്താഞ്ഞ ചിറകൊടിഞ്ഞ കാട്ടുപക്ഷിയുടെ സംഗീതത്തനോട്.. നിർത്താതെ കേണും പിറു പിറുത്തും പെയ്ത രാത്രി മഴയോട്..മാപ്പ് ചോദിച്ചു പോകുന്നത്...ഇനിയും ഒരു വട്ടം കൂടി ചൊല്ലിയാൽ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ, ഇടറുന്ന ശബ്ദത്തോടല്ലാതെ സാധ്യമല്ല എന്ന് അറിഞ്ഞത്.. 🙏🌹

"വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌

ഒറ്റചിറകിന്റെ താളമോടെ

ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി".