കുറച്ചു ദിവസം വീട്ടിൽ നിക്കാൻ വേണ്ടി കോഴിക്കോട് നിന്നും അതിരാവിലെ ഉള്ള(6 മണി ആണ് എന്റെ അതിരാവിലെ 5 മണി ബ്രഹ്മ മുഹൂർത്തവും ) ജനശാത്ബ്ദി ക്ക് കയറി ഞാൻ കോട്ടയം എത്തി .ബസ് സ്റ്റാൻഡിലേക്ക് നടക്കാനുള്ള മടി കാരണം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക് ഓട്ടോക്ക് പോകാം എന്ന് കരുതി..പേഴ്സ് എടുത്തു നോക്കിയപ്പോൾ ചില്ലറ ഇല്ല 500ന്റെ ഒരു ഒറ്റനൊട്ട് മാത്രം. (ഞാൻ ചില്ലറക്കാരി അല്ല എന്ന് ഒരു ധ്വനി കൂടി വായിക്കുമ്പോൾ എടുക്കുക ).ഓട്ടോക്ക് പോകാനുള്ള മോഹം ഉപേക്ഷിച്ചാലോ എന്ന് ഓർത്തെങ്കിലും ക്ഷീണവും മടിയും സമ്മതിച്ചില്ല. ചേട്ടന്മാരുടെ ഒക്കെ നാക്കിനു നല്ല മൂർച്ച ആണെന്ന് അറിയാവുന്നതുകൊണ്ടും, ഈ യാത്രക്കോടുവിൽ ക്ഷീണം കാരണം ഒരു അങ്കത്തിനു ബാല്യം ഇല്ലാത്തതു കൊണ്ടും എന്റെ ചില്ലറ പ്രശ്നം ഞാൻ അവരെ അറിയിച്ചു. വിചാരിച്ച പോലെ എല്ലാവരും എന്നെ അവഗണിച്ചു.. ഓട്ടോ ചേട്ടന്മാരാൽ തിരസ്കരിക്കപ്പെട്ട ഞാൻ രണ്ടും കല്പിച്ചു സ്റ്റാൻഡിലേക്ക് നടക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ റോഡിൽ ഇറങ്ങിയപ്പോൾ ഒരു ഓട്ടോ എന്റടുത്തു സ്ലോ ആക്കി..കയറിക്കോളൂ എന്ന അർത്ഥത്തിൽ ഡ്രൈവർ നോക്കിയപ്പോൾ തന്നെ പ്രതീക്ഷകളൊന്നും കൊടുക്കാതെ ഞാൻ എന്റെ ചില്ലറ പ്രശ്നം പറഞ്ഞു."സാരമില്ല കൊച്ചു കേറിക്കോ" എന്ന് അയാൾ ഒടുവിൽ പറഞ്ഞു.കേട്ട പാതി കേക്കാത്ത പാതി ഞാൻ എന്റെ ഭാണ്ടക്കെട്ടും വലിച്ചു ഓട്ടോയിൽ കയറ്റി ഇരുന്നു.ഒരു ദീർഘ ശ്വാസം ഒക്കെ വിട്ടു ഫോണും നോക്കി ഞാൻ അങ്ങനെ ഇരിക്കുമ്പോൾ, "കൊച്ചിന്റെ വീട് എവിടാ" എന്നൊരു ചോദ്യം... പറയണോ വേണ്ടയോ എന്നൊരു സങ്കോചം തോന്നി എങ്കിലും ഒടുവിൽ പറയാൻ തന്നെ തീരുമാനിച്ചു. "പത്തനാട് ആണ്". "ആണോ.. ഞാൻ നെടുംകുന്നം ആ കേട്ടോ... ന്റെ മോൾക്കേ ഒരു ചെറിയ സർജറി ആവശ്യമുണ്ട് അതിനു വേണ്ടി ഞാൻ ഇപ്പം മെഡിക്കൽ കോളേജിൽ വന്നേക്കുവാ.. ഇപ്പം ഇവിടെ അടുത്താ താമസിക്കുന്നെ.. രണ്ട് മൂന്ന് ലക്ഷം വേണ്ടി വരും ആശുപത്രി ചെലവ്.."എത്രയോ നാളുകകളുടെ പരിചയമുള്ള ഒരാളോട് വർത്തമാനം പറയുന്നത് പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാം ഒരു മൂളിച്ചയിൽ ഒതുക്കി കേട്ടിരുന്നു. അങ്ങനെ സ്റ്റാൻഡിൽ എത്തി. ഓട്ടോയിൽ നിന്നിറങ്ങി കയ്യിൽ ഉണ്ടായിരുന്ന 500 ന്റെ നോട്ട് അയാൾക്ക് കൊടുത്തു. ബാക്കി ഇപ്പോൾ തരും എന്ന പ്രതീക്ഷയിൽ ഞാൻ നിക്കുമ്പോൾ അയാൾ ആ നോട്ട് വാങ്ങി ഏതോ കടയിലേക്ക് നടന്നു.കൗണ്ടറിൽ ഇരിക്കുന്ന ആളോട് ചോദിച്ചിട്ട് അയാൾ ആ കടക്കുള്ളിലൂടെ ഉള്ള ഏതോ വഴിയിലൂടെ പോകുന്നത് കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും അയാളെ കാണുന്നില്ല.എന്റെ നെഞ്ചിടുപ്പ് ഒന്ന് കൂടി. അയാൾ ആ വഴി എങ്ങോട്ടേലും മുങ്ങിയോ... "എങ്ങനേലും നടന്നു വന്നാൽ മതിയാരുന്നു.. എന്ത് മണ്ടത്തരം ആണ് ഞാൻ കാട്ടി കൂട്ടിയത്.."ഇതിനിടയിൽ അയാൾ പറഞ്ഞ കഥയും എന്റെ മനസ്സിൽ കൂടി വന്നു.. "കാശിനു ആവശ്യമുള്ള മനുഷ്യൻ ആണ്.. കിട്ടിയത് കൊണ്ട് പോയി കാണുമോ "..ആകെ പരിഭ്രമിച്ചു കൊണ്ട് ഞാൻ ആ ഓട്ടോക്ക് അടുത്ത് തന്നെ നിന്നു.. പരിഭ്രമത്തിനിടയിലും ഓട്ടോ നമ്പർ ഞാൻ കുറിച്ചെടുത്തു."അങ്ങനെ അയാൾ എന്നെ പറ്റിക്കണ്ട..പോലീസിൽ അറിയിച്ചിട്ടു തന്നെ ബാക്കി കാര്യം. അത്രയും നേരം ഉണ്ടായിരുന്ന ക്ഷീണം പമ്പ കടന്നു.ദേഷ്യവും സങ്കടവും പുകഞ്ഞു കത്തി നിക്കുന്ന നേരം പെട്ടന്ന് സ്റ്റാൻഡിനുള്ളിൽ നിന്നും ആരോ എന്നെ കൈ കാട്ടി വിളിക്കുന്നു. അത്രയും നേരം ഞാൻ പ്രാകി കൊണ്ടിരുന്ന ഓട്ടോക്കാരൻ കയ്യിൽ കുറച്ചു നോട്ടുകളുമായി എന്റെ അടുത്തേക്ക് വരുന്നു." അറിയാവുന്ന കടകളിൽ ഒന്നും ചോയ്ച്ചിട്ട് ചില്ലറ ഇല്ലാരുന്നു മോളെ.. പിന്നെ ചമ്പക്കരെടെ കണ്ടക്ടരോട് ചോയ്യിച്ചു വാങ്ങി".ഞാൻ ഒരു നിമിഷം കൊണ്ട് കാറ്റു പോയ ബലൂണ് പോലെ ആയി. ചമ്മലോ ആശ്വാസമോ അങ്ങനെ എന്തൊക്കെയോ കൂടി കലർന്ന മിശ്രിത ഭാവം.. "അയ്യോ ആണോ ചേട്ടാ... എത്ര ആയി?" ഒരു ഭാവവും കാട്ടാതെ ഞാൻ ചോദിച്ചു "മുപ്പതു "..അയാൾ മറുപടിയും തന്നു. ഞാൻ കാശ് എണ്ണി നോക്കി അൻപതു രൂപ അയാളുടെ കയ്യിലേൽപ്പിച്ചു കൊണ്ട് പറഞ്ഞു "ഇരിക്കട്ടെ.. ഇത്രേം ഓടിയില്ലേ ".. ഒരു ഇരുപതു രൂപയ്ക്കു അയാളുടെ പ്രാരാബ്ധതയിൽ ഒരു വ്യത്യാസവും വരുത്താനില്ല എങ്കിൽ പോലും എന്റെ ചിന്തകളുടെ ദുർഗന്ധം മറക്കുവാൻ ഞാൻ കണ്ടെത്തിയ മാർഗം ആയിരുന്നു.. ഒരു നല്ല ചിരി സമ്മാനിച്ചു അയാൾ അതും വാങ്ങി പോയി...മനുഷ്യരിൽ കൂടുതൽ വിശ്വാസവും... സ്വയം ഒരുപാടു മാറാൻ ഉണ്ട് എന്ന തിരിച്ചറിവുമായി ഞാൻ ബസ് കയറി...
No comments:
Post a Comment