ഇന്ന് ഉച്ചയ്ക്ക് പട്ടത്തു നിന്നും തമ്പാനൂർക്കുള്ള തിരക്ക് പിടിച്ച ബസിന് കയറി കിട്ടിയ സ്ഥലം പിടിച്ചു. ഇരുന്നതിനു ശേഷം അൽപനേരം കഴിഞ്ഞപ്പോൾ മുതൽ എന്റെ അടുത്തിരിക്കുന്ന സ്ത്രീയെ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങി. കറുത്ത് മെലിഞ്ഞു ഒരു മധ്യവയസ്‌ക. തവിട്ടു നിറത്തിലുള്ള ബാഗ് അവർ ചേർത്ത് പിടിച്ചിട്ടുണ്ട്..കൂടെ കൂടെ അക്ഷമയായി അവർ കയ്യിലുള്ള മൊബൈൽ ഫോൺ നോക്കുന്നുണ്ട്. സെക്രെട്രിയേറ്റ് കടന്നപ്പോൾ അവർക്കു ഒരു കോൾ വന്നു. വെപ്രാളപ്പെട്ട് അവർ അതെടുത്തു. തിരുവനന്തപുരം ഭാഷയുടെ എല്ലാ നീട്ടലും കുറുക്കലും സ്ഫുരിക്കുന്ന രീതിയിൽ അവർ സംസാരിച്ചു തുടങ്ങി. ശബ്ദം ഇടറി പോകുന്നതുകൊണ്ട് പറയുന്നത് മുഴുമിപ്പിക്കാൻ അവർക്കാകുന്നില്ല. ആശുപത്രിയിലേക്ക് താൻ ഉടനെ എത്തും എന്ന് വിറച്ചുകൊണ്ട് അവർ പറയുന്നത് കേട്ടിട്ട് ദയനീയമായി ഞാൻ അവരെ നോക്കി. എന്തോ ആലോചിച്ചിട്ടെന്നപോലെ പെട്ടന്ന് അവർ ബാഗിൽ നിന്നും പേഴ്സ് എടുത്തു അതിൽ വെച്ച ഒരു ഫോട്ടോ കുറെ നേരം നോക്കി ഇരുന്നു...അത്രയും നേരം അടക്കി പിടിച്ച കരച്ചിൽ നിയന്ത്രിക്കാൻ ആവാതെ അവർ വിങ്ങിപൊട്ടുവാൻ തുടങ്ങി. നിസ്സഹായ ആയ ഒരു സ്ത്രീ അടുത്തിരുന്നു കരയുന്നതു കണ്ടിട്ടും കണ്ടില്ലന്നു നടിക്കുവാൻ മനസ്സ് സമ്മതിക്കാഞ്ഞിട്ടാവാം ഞാൻ മെല്ലെ അവരോടു കാര്യം ചോദിച്ചു. കണ്ണീര് അല്പം ഒതുക്കി ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു തുടങ്ങി.. സഹോദരി ആശുപത്രിയില്‍ വെന്റിലെറ്ററിൽ ആണ്. ജീവൻ തിരിച്ചു കിട്ടുമോ എന്ന് അറിയില്ല ..പറഞ്ഞു പകുതിയാക്കി വീണ്ടും അവർ കരയുവാൻ തുടങ്ങി. വല്ലാത്ത ഒരു മരവിപ്പ് തോന്നിയ നിമിഷമായിരുന്നു അത്. തിരിച്ചു എന്തു പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള അനുഭവങ്ങളുടെ ഭീകരത അറിയാവുന്നതു കൊണ്ട് തന്നെ ഒരു അപരിചിത ആയ എന്റെ ഒരാശ്വാസ വാക്കുകൾക്കും അവരിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല എന്നെനിക്ക് ഉറപ്പായിരുന്നു. എങ്കിലും "ഒന്നുമുണ്ടാവില്ല ചേച്ചി ,കരയണ്ട ..നമുക്ക് നോക്കാം "എന്ന് എങ്ങനെയോ ഞാൻ പറഞ്ഞു. പിന്നെ ഒന്നും പറയാനാകാതെ നിസ്സംഗമായി ഞാനും പുറത്തേക് നോക്കി ഇരുന്നു. ബസ്സ് തന്പാനൂർ എത്തി. ഞാൻ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ അവരുടെ ഫോൺ വീണ്ടും ബെല്ലടിച്ചു. അവർ ആ ഫോൺ എടുക്കുന്നതും പൊട്ടി കരയുന്നതും കണ്ടാണ് ഞാൻ ബസ്സ് ഇറങ്ങുന്നത്. ആരാണ് വിളിച്ചതെന്നോ എന്താണ് കരണമെന്നോ എനിക്ക് അറിയില്ല...മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു തുടങ്ങി..നിമിഷംപ്രതി ഘനീഭവിക്കുന്ന ഒരു ഭാരം.
No comments:
Post a Comment